ന്യൂഡൽഹി: കേരളത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്കായി കെ.സി. വേണുഗോപാൽ ഡൽഹിയിൽ. ഡൽഹിയിലെത്തിയ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ പത്തുവർഷത്തെ ഇടത് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും യുഡിഎഫിൽ അവർക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും വിമാനത്താവളത്തിൽ വെച്ച് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി. വേണുഗോപാൽ. ഇതിനൊപ്പം തന്നെ പുതിയ യുഡിഎഫ് മന്ത്രിസഭയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും സജീവമായിട്ടുണ്ട്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, സണ്ണി ജോസഫ്, എൻ. ശക്തൻ എന്നിവരെ കാബിനറ്റിലേക്ക് പരിഗണിച്ചേക്കും. യുവനിരയിൽ നിന്ന് പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ എന്നിവർക്കും സാധ്യതയുണ്ട്. ലത്തീൻ വിഭാഗത്തിൽ നിന്ന് ടി.ജെ. വിനോദ് അല്ലെങ്കിൽ എം. വിൻസെന്റ് എന്നിവരെ പരിഗണിക്കുന്നു. വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ടി. സിദ്ദിഖ്, എം. ലിജു എന്നിവരും പരിഗണിക്കപ്പെട്ടേക്കാം.

അഞ്ച് മന്ത്രിസ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയുമാണ് ലീഗിന് ലഭിക്കാൻ സാധ്യത. പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കും. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, കല്ലട്ര മായിൻ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് ലീഗിന്റെ മന്ത്രി സാധ്യതാ പട്ടികയിലുള്ളത്. മുന്നണിയിൽ തർക്കങ്ങൾ ഉണ്ടാക്കാൻ താല്പര്യമില്ലെന്ന് ലീഗ് നേതൃത്വം ആവർത്തിച്ചിട്ടുണ്ട്.
ഹൈക്കമാൻഡ് യോഗത്തിന് ശേഷം കേരളത്തിലേക്ക് നിരീക്ഷകരെ അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.