ന്യൂഡൽഹി: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് രണ്ട് മുതിർന്ന നേതാക്കളെ എ.ഐ.സി.സി നിരീക്ഷകരായി നിയോഗിച്ചു. കേരളത്തിന്റെ നായകനെ തേടി കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ട്രഷറർ അജയ് മാക്കൻ എന്നിവരാണ് നിരീക്ഷക സംഘത്തിലുള്ളത്. ഇവർ ഉടൻ തന്നെ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 102 സീറ്റുകളുടെ തിളക്കം മങ്ങുന്നതിന് മുൻപേ സർക്കാരുണ്ടാക്കാനാണ് മുന്നണിയുടെ നീക്കം. ഈ മാസം പത്താം തീയതിക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനാണ് നിലവിലെ ആലോചന. തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ആർക്കാണെന്ന് നിരീക്ഷകർ നേരിട്ട് വിലയിരുത്തും. ഇവരുടെ സാന്നിധ്യത്തിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിലെ മൂന്ന് മുതിർന്ന നേതാക്കളാണ് രംഗത്തുള്ളത്. തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ച സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കും. ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകും. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തലയും സജീവ പരിഗണനയിലുണ്ട്. സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനും അവിടെവെച്ച് അന്തിമ പ്രഖ്യാപനം നടത്താനുമാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.