കൊച്ചി: വിവിധ ദളിത് സംഘടനകൾ ഇന്ന് നടത്തുന്ന ഹർത്താലിൽ സംസ്ഥാനവ്യാപകമായി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. ഹർത്താലിലെ ക്രമസമാധാന നിലയെക്കുറിച്ചും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (DGP) കോടതി നിർദ്ദേശം നൽകി.

ഹർത്താലിന് ആഹ്വാനം നൽകിയ സംഘടനകൾക്ക് കോടതി നോട്ടീസ് അയച്ചു. സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതോ കടകമ്പോളങ്ങൾ ബലമായി അടപ്പിക്കുന്നതോ ആയ ഒരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് കോടതി കർശന നിർദ്ദേശം നൽകി. വാഹനം തടയുക, യാത്രക്കാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പരാതികൾ ഗൗരവത്തോടെ കാണുമെന്ന് ബെഞ്ച് വ്യക്തമാക്കി.
നിതിൻരാജിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹർത്താൽ പലയിടങ്ങളിലും ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കെഎസ്ആർടിസി ബസ്സുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു.
ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ച ശേഷം കോടതി വിഷയത്തിൽ കൂടുതൽ കർശനമായ തുടർ നടപടികൾ സ്വീകരിക്കും.