തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ കണക്കുകൾ പ്രകാരം പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് കടന്നു. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്.
ഉപയോഗം വർദ്ധിച്ചതോടെ വൈദ്യുതി വാങ്ങുന്ന കാര്യത്തിലും കെഎസ്ഇബി പുതിയ റെക്കോർഡിട്ടു; 91.78 ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രം പുറത്തുനിന്ന് വാങ്ങിയത്.അധികമായി വേണ്ട 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ലെന്നതാണ് ബോർഡിനെ കുഴക്കുന്നത്. നിലവിൽ പീക്ക് സമയങ്ങളിൽ (രാത്രി 7 മുതൽ 11 വരെ) 15 മുതൽ 30 മിനിറ്റ് വരെ അനൗദ്യോഗിക നിയന്ത്രണം ഏർപ്പെടുത്തിയാണ് കെഎസ്ഇബി മുന്നോട്ട് പോകുന്നത്.
ലോഡ് ഇനിയും കൂടിയാൽ നിയന്ത്രണ സമയം വർദ്ധിപ്പിക്കേണ്ടി വരും.വൈദ്യുതി ആവശ്യകത കുറയ്ക്കുന്നതിനായി ‘പീക്ക് ലോഡ് മാനേജ്മെന്റ്’ രീതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോർഡ് തയ്യാറെടുക്കുകയാണ്.പുറത്തുനിന്നുള്ള വൈദ്യുതി കരാറുകൾ നടപ്പിലാകാത്തതും ആഭ്യന്തര ഉൽപ്പാദനം പരിമിതമായതും വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഗുരുതരമായ പവർകട്ടിലേക്ക് നയിച്ചേക്കാമെന്നാണ് സൂചന.