ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണയ്ക്കാൻ സിപിഐഎം തയ്യാറെടുക്കുന്നതായി സൂചന. സർക്കാരിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് സി.പി.ഐ.എം തമിഴ്നാട് ഘടകം നടത്തുമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. സി.പി.ഐയും സമാനമായ നിലപാട് സ്വീകരിച്ചേക്കും.
വിജയ് നേരത്തെ തന്നെ ഇടത് പാർട്ടികളുടെ പിന്തുണ തേടിയിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം തമിഴ്നാട് ഘടകത്തിന് നിർദ്ദേശം നൽകിയതായി എം.എ. ബേബി പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയെ ബേബി രൂക്ഷമായി വിമർശിച്ചു. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നത് സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാൻ വിജയ്യെ അനുവദിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയ വിജയ് ഇന്ന് വൈകിട്ട് 4:30-ന് വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. കോൺഗ്രസിന്റെ 5 എം.എൽ.എമാർക്ക് പിന്നാലെ സി.പി.ഐ.എം, സി.പി.ഐ (ഓരോരോ 2 സീറ്റുകൾ വീതം) എന്നിവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ വിജയ്ക്ക് ഭൂരിപക്ഷ സംഖ്യയായ 118-ലേക്ക് എത്താൻ എളുപ്പമാകും.
വിജയ് ഇന്ന് ഗവർണറെ കണ്ട് ഇടത് പാർട്ടികളുടെ പിന്തുണ സംബന്ധിച്ച കത്ത് സമർപ്പിക്കാനാണ് സാധ്യത. ഇതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം ഉണ്ടായേക്കും.