ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എഐസിസി നിരീക്ഷകർ തള്ളി. പുറത്തുവന്നത് യഥാർത്ഥ രേഖയല്ലെന്നും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഞായറാഴ്ചയോടെ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നും നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും വ്യക്തമാക്കി.
പ്രചരിക്കുന്ന പട്ടികയിലെ വിവരങ്ങൾ കൂടിയാലോചനകൾക്ക് ശേഷമുള്ള യഥാർത്ഥ വസ്തുതകളല്ല. അത് ഗൗരവതരമല്ലാത്ത രേഖയാണെന്നും അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും മുകുൾ വാസ്നിക് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഒരു ഒറ്റവരി പ്രമേയം പാസാക്കി. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഈ പ്രമേയം.
63 എംഎൽഎമാരുമായും നിരീക്ഷകർ വ്യക്തിഗതമായി സംസാരിച്ചിട്ടുണ്ട്. എംഎൽഎമാരുടെ പിന്തുണ, ഘടകകക്ഷികളുടെ നിലപാട്, ജനവികാരം എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ട് നിരീക്ഷകർ ഖർഗെയ്ക്ക് കൈമാറി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ഫോണിൽ സംസാരിക്കാൻ സാധ്യതയുണ്ട്. ഇവരെ നാളെ ഡൽഹിയിലേക്ക് വിളിപ്പിക്കും.
ഞായറാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. നിരീക്ഷകർ സംസ്ഥാനത്തുണ്ടായിരുന്നപ്പോൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളെ ഹൈക്കമാൻഡിനോടുള്ള വെല്ലുവിളിയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.