തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. തോൽവിക്ക് ശേഷം പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെയും നയിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്. പത്തു വർഷത്തെ ഭരണപരിജ്ഞാനമുള്ള അദ്ദേഹം പ്രതിപക്ഷ നിരയിലുണ്ടാകുന്നത് മുന്നണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.
പെട്ടെന്നുള്ള വലിയ അഴിച്ചുപണികൾ പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഉണ്ടാകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കുന്ന ഇന്നത്തെ സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. സിപിഐഎമ്മിനൊപ്പം തന്നെ സിപിഐയും ഇന്ന് പരാജയം വിലയിരുത്താൻ യോഗം ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനങ്ങൾ ഉയരാൻ സാധ്യതയുള്ള യോഗത്തിൽ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ചർച്ചകളും നടന്നേക്കും.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയും. എകെജി സെന്ററിന് സമീപമുള്ള ഫ്ലാറ്റിലേക്കായിരിക്കും അദ്ദേഹം താമസം മാറുന്നത്. പിണറായി വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി വിലയിരുത്തലുകൾ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഭയ്ക്കകത്ത് ഉപയോഗപ്പെടുത്താനാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.