കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചു. കണ്ടാലറിയാവുന്ന നൂറ് യുഡിഎഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയും ചന്തേര പോലീസ് കേസെടുത്തു. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സന്ദീപ് വാര്യരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടാവുകയും പ്രദേശത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരൻ സ്മാരക മന്ദിരം ആക്രമിക്കപ്പെടുകയും ചെയ്തു. ഓഫീസ് അടിച്ചുതകർത്തതായി സിപിഎം പരാതി നൽകിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശിയാണ് അക്രമികളെ ഓടിച്ചത്. കല്ലേറിലും തുടർന്നുണ്ടായ ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. എൽഡിഎഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത, എ.വി. ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് പ്രവർത്തകർ ആസൂത്രിതമായി ആക്രമണം നടത്തിയെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ, റോഡ് ഷോ തടസ്സപ്പെടുത്താൻ സിപിഎം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് തുടരുകയാണ്.