റിയാദ്/ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ നിർണായക നീക്കങ്ങളുമായി അറബ് രാഷ്ട്രത്തലവന്മാർ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവർ ജിദ്ദയിൽ ഒത്തുചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും യുദ്ധം വ്യാപിക്കുന്നത് തടയുന്നതിനുമുള്ള ചർച്ചകളാണ് നടന്നത്.
റിയാദ്-അൽ ഖർജ് മേഖലകളെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. ദുബായ് തീരത്ത് കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. ജീവനക്കാർ സുരക്ഷിതരാണ്. ദുബായ് അൽബദഅയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് യു.എ.ഇയിലെ മുഴുവൻ സ്കൂളുകൾക്കും നഴ്സറികൾക്കും ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം തുടരാൻ അധികൃതർ നിർദ്ദേശം നൽകി.
യുദ്ധം ഇനിയും നാലു മുതൽ ആറാഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലയിരുത്തുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് അറിയിച്ചു. യുദ്ധച്ചെലവ് അറബ് രാജ്യങ്ങളിൽ നിന്ന് ഈടാക്കാനുള്ള അമേരിക്കയുടെ നീക്കം വരും ദിവസങ്ങളിൽ നയതന്ത്ര ചർച്ചകളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.