രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് 2027-ൽ; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് 2027-ൽ നടക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസ് നടപടികളുടെ വിശദാംശങ്ങൾ സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും. വിവരശേഖരണത്തിനായി 16 ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക മൊബൈൽ ആപ്പും സെൽഫ് ഇന്യൂമറേഷൻ പോർട്ടലും സജ്ജീകരിക്കും.

സെൻസസ് നടപടികൾക്കായി കേന്ദ്ര മന്ത്രിസഭ 11,718.24 കോടി രൂപ അനുവദിച്ചു. ജൂൺ 16 – ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം. ജൂലൈ 1 – ജൂലൈ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. ഒന്നാം ഘട്ടം ഭവന സെൻസസാണ്. താമസസൗകര്യം, ശുദ്ധജലം, വൈദ്യുതി, ആസ്തികൾ, ഇന്റർനെറ്റ് ലഭ്യത തുടങ്ങി 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ചോദിക്കുക. 2025 നവംബറിൽ ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായിരുന്നു. രണ്ടാം ഘട്ടം വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടിയേറ്റം, പ്രത്യുൽപ്പാദന നിരക്ക് എന്നിവ ശേഖരിക്കും. ഈ ഘട്ടത്തിലായിരിക്കും ജാതി സെൻസസ് നടപ്പിലാക്കുകയെന്ന് കമ്മീഷണർ വ്യക്തമാക്കി.

സെൻസസ് സമയത്ത് പൗരന്മാർ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായിരിക്കും. ഇവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരികയോ കോടതികളിൽ തെളിവായി ഉപയോഗിക്കുകയോ ചെയ്യില്ല.കൃത്യമായ വിവരങ്ങൾ നൽകി രാജ്യത്തെ ഈ ബൃഹദ് സംരംഭത്തോട് സഹകരിക്കണമെന്ന് സെൻസസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *