ആശങ്ക വേണ്ട: എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; കടുത്ത ജാഗ്രതയുമായി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധനലഭ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സജീവ ഇടപെടൽ നടത്തുന്നു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ മറികടന്ന് കൂടുതൽ എണ്ണക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നത് രാജ്യത്തിന് വലിയ ആശ്വാസമാകുന്നു. നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

94,000 ടൺ എൽ.പി.ജിയുമായി BW TYR ഇന്ന് മുംബൈ തീരത്തും, BW ELM നാളെ മംഗളൂരു തീരത്തുമെത്തും. പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി 18 കപ്പലുകൾക്കും ഉടൻ തന്നെ ഹോർമുസ് കടക്കാൻ അനുമതി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ മണ്ണെണ്ണ സംഭരണ-വിതരണ നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തി. ഇതോടെ ‘മണ്ണെണ്ണ രഹിത’മായി പ്രഖ്യാപിക്കപ്പെട്ട 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വീണ്ടും വിതരണം ആരംഭിക്കും.

പശ്ചിമേഷ്യൻ സംഘർഷം കാരണം വളം നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞത് യൂറിയ ഉൽപ്പാദനത്തെ ബാധിച്ചതായി കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയം അറിയിച്ചു. പാചകവാതകത്തിന്റെ ലഭ്യത കുറയുമെന്ന വ്യാജപ്രചരണങ്ങൾ തടയാനും എൽ.പി.ജി കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാനും കർശനമായ പരിശോധനകൾക്ക് സർക്കാർ ഉത്തരവിട്ടു.

പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *