ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ നിലപാടറിയിക്കും. മുൻപ് സ്വീകരിച്ചിരുന്ന കർശനമായ അനുകൂല നിലപാടിൽ നിന്ന് മാറി, വിശ്വാസികൾക്കും ആചാര സംരക്ഷണത്തിനും മുൻഗണന നൽകുന്ന സമീപനമായിരിക്കും സർക്കാർ കോടതിയെ അറിയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനാണ് സി.പി.ഐ.എമ്മും സർക്കാരും ഈ നിലപാട് മാറ്റത്തിന് തയ്യാറെടുക്കുന്നത്.
ലോ സെക്രട്ടറി കെ.ജി. സനൽകുമാറും അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പും നിലവിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് നിയമവിദഗ്ധരുമായി ചർച്ചകൾ നടത്തിവരികയാണ്. വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സുപ്രീംകോടതി നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
മതപണ്ഡിതന്മാരും അഴിമതിരഹിതരായ സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന ഒരു കമ്മീഷനെ നിയോഗിച്ച് അവരുടെ അഭിപ്രായം തേടിയ ശേഷം മാത്രം തീരുമാനമെടുക്കാം എന്ന നിർദ്ദേശമായിരിക്കും സർക്കാർ മുന്നോട്ട് വെക്കുക. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താതെ വിഷയം കൈകാര്യം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഈ നിലപാട് മാറ്റം ‘ഇരട്ടത്താപ്പ്’ ആണെന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ഇതിനോടകം തന്നെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. യുവതീപ്രവേശനം വേണോ വേണ്ടയോ എന്നതിലുപരി, ഭരണഘടനാപരമായ വിഷയങ്ങളിൽ വ്യക്തത തേടുകയാണ് കോടതി ചെയ്യുന്നതെന്നാണ് സി.പി.ഐ.എം ഈ നിലപാട് മാറ്റത്തെ ന്യായീകരിക്കുന്നത്. കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന സത്യവാങ്മൂലം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.
