ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിർവചനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയുമുള്ള ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാറാണ് ബിൽ സഭയിൽ വെച്ചത്. ‘സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വം’ എന്ന മുൻപത്തെ മാനദണ്ഡം ഒഴിവാക്കി, പകരം മെഡിക്കൽ ബോർഡിന്റെ പരിശോധനയിലൂടെ മാത്രമേ ഇനി ട്രാൻസ്‌ജെൻഡർ പദവി നൽകൂ എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം.
കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി ട്രാൻസ്‌ജെൻഡർ ഗണത്തിൽ ഉൾപ്പെടുത്തുക. കേവലം ലൈംഗിക ആഭിമുഖ്യത്തിന്റെയോ സ്വയം തിരിച്ചറിയുന്ന സ്വത്വത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം ഈ പദവി ലഭിക്കില്ല. ട്രാൻസ്‌ജെൻഡർ വ്യക്തിയായി അംഗീകാരം ലഭിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് പുറമെ, സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം കൂടി വേണം. ചീഫ് മെഡിക്കൽ ഓഫീസറോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറോ ആയിരിക്കും ഈ ബോർഡിന് നേതൃത്വം നൽകുക.
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളിലും പേര് മാറ്റാൻ അനുവാദമുണ്ടാകും. ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തുന്ന മെഡിക്കൽ സ്ഥാപനങ്ങൾ അതിന്റെ പൂർണ്ണ വിവരങ്ങൾ നിർബന്ധമായും ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കണം. ഈ ഭേദഗതിക്കെതിരെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. “ഒരാളുടെ ലിംഗസ്വത്വം ആ വ്യക്തി തന്നെയാണ് തീരുമാനിക്കേണ്ടതെന്ന ആധുനിക കാഴ്ചപ്പാടിന് വിരുദ്ധമാണ് ഈ ബിൽ. സ്വത്വനിർണ്ണയത്തിന് മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്” ബില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള നിയമത്തിലെ സെക്ഷൻ ആറിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ശിക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശമുണ്ടെങ്കിലും, സ്വത്വനിർണ്ണയത്തിലെ കടുപ്പമേറിയ വ്യവസ്ഥകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
