ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം ശക്തമാക്കി. ചർച്ചകൾക്കായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ നിർദ്ദേശിച്ചെങ്കിലും, സ്ഥാനാർത്ഥിത്വത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ യാത്രക്കില്ലെന്ന കർശന നിലപാടിലാണ് സുധാകരൻ.
നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സുധാകരൻ നിർദ്ദേശിക്കുന്ന മറ്റൊരാളെ കണ്ണൂരിൽ പരിഗണിക്കാമെന്ന് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം അത് അംഗീകരിച്ചിട്ടില്ല. പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച സുധാകരനെ അനുനയിപ്പിക്കുക എന്നത് ഹൈക്കമാൻഡിന് വലിയ വെല്ലുവിളിയാണ്.
അതേസമയം, സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ രണ്ടാംഘട്ട ചർച്ചകളിലേക്ക് എ.ഐ.സി.സി കടന്നു. സ്ക്രീനിംഗ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയ 31 പേർക്ക് പുറമെ, 24 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ അന്തിമമാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഈ യോഗത്തോടെ ഏകദേശം 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
