പാലക്കാട്: പാലക്കാട് സിപിഐഎമ്മിൽ പികെ ശശിയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത നീക്കങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ പ്രമുഖ വിമത നേതാക്കളിൽ രണ്ടുപേർ പാർട്ടിയിലേക്ക് തിരിച്ചെത്തി. വിമത നേതാവ് എം. സതീശന്റെ വിശ്വസ്തനായ എൻ. വിജയാനന്ദ് (കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം), പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക് എന്നിവരാണ് സിപിഐഎമ്മിൽ മടങ്ങിയെത്തിയത്. വിമതർക്കൊപ്പം നിന്നിരുന്ന മഥൻകുമാർ, ശൺമുഖവേൽ എന്നീ രണ്ട് കോൺഗ്രസ് പ്രവർത്തകരും ഇവർക്കൊപ്പം സിപിഐഎമ്മിൽ ചേർന്നു.
ഇതിനിടെ, പികെ ശശിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിയിട്ടില്ലെന്നും അത് അച്ചടക്ക നടപടിയുടെ അവസാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പിരിറ്റ് കച്ചവടക്കാരൻ എന്ന ആരോപണം ഉന്നയിച്ചവർ അതിനുള്ള തെളിവ് പുറത്തുവിടണം. എന്റെ പൊതുജീവിതം ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇത്തരം ആരോപണങ്ങൾ എന്നെ ബാധിക്കില്ല, ജനങ്ങൾ തന്നെ ഇതിന് മറുപടി നൽകുമെന്ന് ഇ.എൻ. സുരേഷ് ബാബു പ്രതികരിച്ചു.
