രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; രണ്ടാം തവണയും മറുപടിക്ക് സമയം തേടി രാഹുൽ

തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ആവശ്യപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ സമയം നീട്ടി ചോദിക്കുന്നത്.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ചയായ മാർച്ച് 10-ന് വീണ്ടും പരിഗണിക്കും.ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി അനുവദിച്ച മുൻകൂർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചാണ് അന്വേഷണ സംഘം ഹർജി സമർപ്പിച്ചത്. അതിജീവിതയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയർന്നത്.

അതിജീവിത കോടതിയിൽ രഹസ്യമൊഴി നൽകിയ തൊട്ടടുത്ത ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി വിളിക്കാൻ ശ്രമിച്ചതായി പരാതിയുള്ളത്. ജാമ്യവ്യവസ്ഥ പ്രകാരം അതിജീവിതയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടരുത് എന്ന നിർദേശം ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.ഹർജി ഇന്ന് വീണ്ടും കോടതിയിൽ വന്നപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസിന്റെ അടുത്ത വാദം മാർച്ച് 10-നാണ്.

Leave a Reply

Your email address will not be published. Required fields are marked *