ജാസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് പിടിയിൽ; ഒളിവിൽ പോകാൻ സഹായിച്ച പിതാവും അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ 19 വയസ്സുകാരി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് പി. ജോർജിനെ പോലീസ് പിടികൂടി. വാഗമണ്ണിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വാഗമൺ പോലീസാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിന് കൈമാറും. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. തുടർന്ന് തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോക്ടറാണ് കാർ ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിൽ പോയത് പോലീസിനെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ പിതാവിന്റെ സമ്മതത്തോടെ ദാനം ചെയ്തു. സർക്കാർ സംവിധാനമായ കെ-സോട്ടോ വഴി ഏകോപിപ്പിച്ച അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *