‘വിജിലൻസ് കോടതി ഉത്തരവ് അന്തിമമല്ല; എസ്ഐടിയെ തകർക്കാൻ ശ്രമം’; ശബരിമല സ്വർണക്കേസിൽ പ്രതിപക്ഷത്തിനെതിരെ പി. രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവുകൾ അന്തിമമല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അന്വേഷണത്തിന് പൂർണമായി മേൽനോട്ടം വഹിക്കുന്നത്. ഹൈക്കോടതിക്ക് അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിനേക്കാൾ, പഴുതുകളില്ലാത്ത ‘കുറ്റമറ്റ’ കുറ്റപത്രം തയ്യാറാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. “വിജിലൻസ് കോടതി സുപ്രീംകോടതിയല്ലല്ലോ” എന്ന് പരിഹസിച്ച മന്ത്രി, പ്രതികൾക്ക് ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും വ്യക്തമാക്കി. അറസ്റ്റിലായവർ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള വിവാദം സഭയിൽ ഇന്നും സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ, ചോദ്യോത്തര വേള മുതൽ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനം. അന്വേഷണത്തിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *