പാലക്കാട്: സി.പി.ഐ.എം വിട്ടുപുറത്തുവന്ന മുൻ കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഡി.സി.സി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളെ ഒഴിവാക്കാൻ നിർദേശം നൽകി. പി.കെ. ശശിക്കായി ഒറ്റപ്പാലം സീറ്റ് മാറ്റിവെക്കും. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ എ. സുരേഷ് സ്ഥാനാർത്ഥിയായേക്കും.
ഒറ്റപ്പാലത്തേക്ക് പരിഗണിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ഹരിഗോവിന്ദനെ ഷൊർണൂരിലേക്ക് മാറ്റാനാണ് നിലവിലെ ധാരണ. പുറത്തുനിന്നുള്ളവർക്ക് സുരക്ഷിത മണ്ഡലങ്ങൾ വിട്ടുനൽകുന്നതിൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കും അണികൾക്കും കടുത്ത പ്രതിഷേധമുണ്ട്.
സി.പി.ഐ.എം വിമതരെ ഒപ്പം കൂട്ടി പുതിയ രാഷ്ട്രീയ നീക്കത്തിനാണ് പി.കെ. ശശി ഒരുങ്ങുന്നത്. മാർച്ച് 5-ന് പാലക്കാട് കൽമണ്ഡപം പാർവതി കല്യാണമണ്ഡപത്തിൽ വെച്ച് വിമതരുടെ കൺവെൻഷൻ നടക്കും. ‘ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ’ (DMF) എന്നാണ് പുതിയ സംഘടനയുടെ പേര്. കൊഴിഞ്ഞാമ്പാറയിലെ വിമത വിഭാഗവും ശശിക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
