തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചോദ്യോത്തര വേള മുതൽ തന്നെ സഭാനടപടികൾ തടസ്സപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ നേരിട്ടുള്ള പ്രതിഷേധത്തിലേക്കാണ് പ്രതിപക്ഷം നീങ്ങുന്നത്.
ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം പ്ലക്കാർഡുകളുമായി രംഗത്തിറങ്ങും. യു.ഡി.എഫ് ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഇന്ന് സഭയിൽ ഉണ്ടാകില്ല. തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് നിശ്ചിത സമയത്തിന് മുൻപേ പിരിയും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ധാരണയായിട്ടുണ്ട്.
