ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് (എസ് ഐ ആർ) എതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ മമത ബാനർജി നേരിട്ട് ഹാജരായി വാദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ചാണ് ജനുവരി 28-ന് മമത സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ സുതാര്യമല്ലാത്ത നടപടികൾ സംസ്ഥാനത്ത് വൻതോതിലുള്ള വോട്ടവകാശ നിഷേധത്തിന് കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നുവെന്നും മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. ഈ കേസിൽ കോടതി സ്വീകരിക്കുന്ന നിലപാട് ബംഗാൾ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയുടെ പടവുകൾ കയറുന്ന മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തിൽ സുപ്രീം കോടതിയിൽ വാദിക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ സംഭവമാണ്.
