ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ജെ.പി. നദ്ദയും രാജ്‌നാഥ് സിംഗും ചേർന്നാണ് റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിന് നാമനിർദ്ദേശ പത്രിക കൈമാറിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും നിതിൻ നബിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.
ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിൻ എത്തുന്നത്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നിതിൻ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ബിഹാറിൽ നിന്നുള്ള മുതിർന്ന നേതാവായ നിതിൻ നബിൻ, പരേതനായ ബിജെപി നേതാവ് നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്. പട്‌നയിലെ ബങ്കിപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിച്ചു വരുന്ന അദ്ദേഹം, ബിഹാർ സർക്കാരിൽ മന്ത്രിയായും ഛത്തീസ്ഗഡിന്റെ ബിജെപി ചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടിയിലെ മികച്ച സംഘാടകനായ അദ്ദേഹം ബിഹാറിൽ എൻഡിഎ സഖ്യം നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ബിജെപി വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിനെത്തുടർന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.
