ന്യൂഡൽഹി: അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതികളിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരളവും തമിഴ്‌നാടും ഫയൽ ചെയ്ത ഹർജികളിൽ സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് അന്വേഷണ ഏജൻസിയോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഇഡിക്ക് റിട്ട് ഹർജി ഫയൽ ചെയ്യാൻ അധികാരം ഉണ്ടെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തമിഴ്നാട് സർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്.
തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ വിധി അന്വേഷണ ഏജൻസി തങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്നുവെന്നാണ് തമിഴ് നാടിന്റെ വാദം. കേസിൽ നാല് ആഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, എസ്.സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേ അന്വേഷണം നടത്താൻ ജസ്റ്റിസ് വി.കെ. മോഹൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷനെ സംസ്ഥാന സർക്കാർ രൂപീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.
ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ആയിരുന്നു റിട്ട് ഹർജി. ഇഡി ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2003 ലെ കള്ളപ്പണ നിരോധന നിയമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം റിട്ട് ഹർജി ഫയൽ ചെയ്യാൻ അധികാരം ഇല്ലെന്നാണ് കേരളത്തിന്റെ വാദം. വ്യക്തിക്കുള്ള നിയമപരമായ അധികാരം അന്വേഷണ ഏജൻസിക്ക് ഇല്ലെന്നും കേരളം വാദിക്കുന്നു. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി.
