വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ, ബില്ല് വലിച്ചുകീറി പ്രതിഷേധിച്ച് പ്രതിപക്ഷം

ദില്ലി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വിബി ജി റാം ജി ബില്ല് പാസാക്കി ലോക്‌സഭ. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്‌സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കള്‍ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഗ്രാമീണ റോസ്ഗാര്‍ കൗണ്‍സിലാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. നേരത്തെ ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേല്‍നോട്ടം. എന്നാല്‍ പേര് മാത്രമല്ല വികസിത ഭാരത് ഗ്യാരണ്ടീ ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്ന പേരില്‍ പദ്ധതി മൊത്തത്തില്‍ പൊളിച്ചെഴുതുകയാണെന്ന് പാര്‍ലമെന്റില്‍ അവതരണത്തിന് മുന്നോടിയായി ബില്‍ എംപിമാര്‍ക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസര്‍ക്കാരാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നാല്‍പത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *