കൊല്‍ക്കത്ത: ബംഗാളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി 58 ലക്ഷത്തിലധികം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബംഗാളില്‍ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരിച്ചവരാണെന്നാണ് കമ്മിഷന്റെ വിശദീകരണം. 19 ലക്ഷം പേരെ സ്ഥലം മാറിയവരെന്നും 12 ലക്ഷം പേരെ കാണാതായവരെന്നും 1.3 ലക്ഷം പേരെ വ്യാജ വോട്ടുകളെന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
കരട് പട്ടികയുടെ പ്രസിദ്ധീകരണത്തോടെ എസ്‌ഐആറിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. കരട് പട്ടികയില്‍ നിന്ന് തെറ്റായും അന്യായമായും പുറത്താക്കപ്പെട്ടവര്‍ക്ക് പരാതികള്‍ ഉന്നയിക്കുകയും ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുകയും ചെയ്യാം. ഫെബ്രുവരിയിലാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ചെയ്യുന്ന പോളിങ് ബൂത്തില്‍ നിന്നും 127 പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. നിയമാനുസൃത വോട്ടര്‍മാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിനു പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ആരോപിച്ചു. വെട്ടിമാറ്റപ്പെട്ടവരെ വീണ്ടും ഉള്‍പ്പെടുത്താന്‍ ആവശ്യമായ അപേക്ഷ പൂരിപ്പിച്ചുനല്‍കാന്‍ തങ്ങള്‍ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
