‘ചത്ത സമ്പദ്‌വ്യവസ്ഥയല്ല’, പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറഞ്ഞെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറയുകയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ലോകത്ത് ഏറ്റവും ഉയര്‍ന്ന അസമത്വമുള്ള രാജ്യമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ‘വേള്‍ഡ് ഇന്‍ ഇക്വാലിറ്റി’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് ധനമന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മല.

രാജ്യത്തിന്റെ സ്വത്തില്‍ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, രാജ്യത്ത് സാമ്പത്തിക അസമത്വം കുറയുകയാണെന്നും പ്രത്യേകിച്ച് നഗരങ്ങളില്‍ ഇത് പ്രകടമാണെന്നും നിര്‍മല പറഞ്ഞു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ വീടുകളില്‍ മൊബൈല്‍ഫോണ്‍, ടിവി, ടൂവീലര്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുള്ളവരുടെ എണ്ണം വലിയതോതില്‍ കൂടിയെന്ന് നിര്‍മല അഭിപ്രായപ്പെട്ടു. റഫ്രിജറേറ്ററുകള്‍ പണ്ട് ആഡംബര വസ്തുവായിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും ധനമന്ത്രി പറഞ്ഞു.

ഇതിനിടെ, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെക്കുറിച്ചുള്ള നിര്‍മലയുടെ പരാമര്‍ശം പാര്‍ലമെന്റില്‍ വലിയ ബഹളത്തിനിടയാക്കി. ഒരു മുന്‍ പ്രതിരോധമന്ത്രി സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് ലോക്‌സഭയില്‍ പറയേണ്ട ഗതികേടുണ്ടായിട്ടുണ്ടെന്നായിരുന്നു നിര്‍മല പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള ഒരു മന്ത്രിയാണെന്നു പറഞ്ഞ നിര്‍മല, ആന്റണിയുടെ പേരെടുത്ത് പരാമര്‍ശിച്ചില്ല. എന്തായാലും പരാമര്‍ശം നടത്തിയ സ്ഥിതിക്ക് മന്ത്രിയുടെ പേര് പറയണമെന്നായി പ്രതിപക്ഷം. നിര്‍മല ഇതിനു വഴങ്ങിയില്ല. വേണമെങ്കില്‍ സ്വന്തമായി കണ്ടുപിടിക്കാനും പറഞ്ഞു.

തുടര്‍ന്ന് ബഹളമായതോടെ, നിര്‍മല നടത്തിയ പരാമര്‍ശം പാര്‍ലമെന്റിന്റെ ചട്ടപ്രകാരം തടസ്സമുള്ളതല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. ഇതിനിടെ ചില സംസ്ഥാനങ്ങളില്‍ കടവും ജിഡിപിയും തമ്മിലെ അനുപാതം കൂടുകയാണെന്നും ഇതു കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പരിഹരിക്കേണ്ടതാണെന്നും നിര്‍മല പറഞ്ഞു. ആര്‍ബിഐയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കുടുംബങ്ങളുടെ കടം 2024-25ല്‍ ജിഡിപിയുടെ 4.7 ശതമാനമാണ്. 2018-19ല്‍ 3.9 ശതമാനമായിരുന്നു. എന്നാല്‍, കോവിഡ്കാലത്തിനു ശേഷമുള്ള 2023-24ലെ 6.2 ശതമാനത്തെ അപേക്ഷിച്ച് കുറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെ ‘ചത്ത സമ്പദ്‌വ്യവസ്ഥ’ എന്നു വിശേഷിപ്പിച്ചതിനും നിര്‍മല മറുപടി പറഞ്ഞു. കഴിഞ്ഞ ത്രൈമാസത്തില്‍ ആഗോള ജിഡിപി വളര്‍ച്ച 3.2 ശതമാനം മാത്രമാണെന്നും ഇന്ത്യ 8.2% മുന്നേറി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്തിയെന്നും നിര്‍മല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *