മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റും; തൊഴില്‍ദിനം 125 ആക്കി ഉയര്‍ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം 100-ല്‍ നിന്ന് 125 ദിവസമായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശമാണ് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച ചര്‍ച്ച ചെയ്തത്. നിയമത്തിന്റെ പേര് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയാണിത്. ഈ പരിധി 125 ദിവസമായി ഉയര്‍ത്താനാണ് ആലോചന. നിയമത്തിന്റെ പേര് ‘പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് മാറ്റുന്നതിനുള്ള നിര്‍ദേശവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. പദ്ധതിയുടെ പേര് മാറ്റുന്നതിനും തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.

2026 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, 2029-30 വരെ അഞ്ച് വര്‍ഷത്തേക്ക് പദ്ധതിയുടെ തുടര്‍ച്ചയ്ക്കായി 5.23 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഇതിനുള്ള തുക എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *