തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എൻഡിഎ തേരോട്ടം, ഇടത് കോട്ട പൊളിച്ച്‌ ചരിത്ര വിജയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി നിർണായക ഘട്ടം പിന്നിടുമ്ബോള്‍ തലസ്ഥാനത്ത് അട്ടിമറി വിജയം നേടി എൻഡിഎ കരുത്തറിയിക്കുന്നു. വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളുടെ വിജയവും എൻഡിഎ ക്യാമ്ബിന് ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ്. നിലവിലെ സൂചനകളനുസരിച്ച്‌ കോർപ്പറേഷനില്‍ 49 സീറ്റുകളാണ് എൻഡിഎ നേടിയിരിക്കുന്നത്. 28 ഇടത്ത് എല്‍ഡിഎഫും 19 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. രണ്ടു സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനർഥികളും ലീഡ് ചെയ്യുന്നുണ്ട്.

മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ എല്‍ഡിഎഫിനെ ഏറെ പിന്നിലാക്കിയാണ് വാർഡുകളില്‍ മുന്നേറുന്നത്. 51 സീറ്റുകള്‍ ലഭിച്ചാല്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. സര്‍പ്രൈസ് എന്‍ട്രിയായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ എത്തിയത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ ചർച്ചയാക്കി. എൻഡിഎയുടെ മേയര്‍ സ്ഥാനാര്‍ഥി എന്ന തരത്തിലായിരുന്നു പ്രചാരണം. വി.വി. രാജേഷ് അടക്കമുള്ള പ്രമുഖ സ്ഥാനാർഥികള്‍ വിജയിച്ച സ്ഥിതിക്ക് ഇനി മേയറെ തെരഞ്ഞെടുക്കാൻ ബിജെപി വിയർക്കുമോ എന്ന് കണ്ടറിയണം.കഴിഞ്ഞ രണ്ട് തവണകളായി ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ രണ്ട് ടേമുകളിലായി ബിജെപി പ്രതിപക്ഷത്താണ് ഇവിടെ.

ആറ് തവണകളായി 30 വർഷം എല്‍ഡിഎഫ് ഭരിച്ച കോർപ്പറേഷനില്‍ ബിജെപിക്ക് ഇത് ആദ്യ ഭരണമാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, മുന്‍ മേയര്‍, മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥന്‍, വി.വി. രാജേഷ്, ആർ. ശ്രീലേഖ തുടങ്ങി പ്രമുഖരെ തന്നെ മുന്നണികള്‍ കളത്തിലിറക്കി നടത്തിയ പോരാട്ടത്തില്‍ ജയം എൻഡിഎയ്‍ക്കൊപ്പം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *