കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു. കൂടാതെ വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹര്‍ജി നല്‍കി. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഒരാഴ്ച കൂടി തുടരും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ് ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ ഇത് അനുവദിക്കരുതെന്നും അന്‍വര്‍ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു. സ്ഥാപിത താത്പര്യങ്ങള്‍ നടത്തിക്കിട്ടാത്തതിലുള്ള നിരാശയാണ് അന്‍വറിന്റെ ഹര്‍ജിക്ക് പിന്നിലെന്നും ആരോപിച്ചു. എന്നാല്‍ അജിത്കുമാര്‍ പദവി ദുരുയോഗം ചെയ്ത് വലിയ അഴിമതി നടത്തിയെന്നാരോപിച്ച് താന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് അന്വേഷണമുണ്ടായത്. വിചാരണക്കോടതി വിധിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനക്കേസ;് എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു
