കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം നല്‍കി.മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംബന്ധിച്ചും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത് അടക്കമുള്ളവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. മനുഷ്യാവകാശ കമീഷന്റെ ശരിയായ പ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളത്.ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, മനുഷ്യാവകാശ കമീഷന്‍ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി . മനുഷ്യാവകാശ കോടതികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ അധികരിച്ചു വരുന്ന മുനഷ്യാവകാശ ധ്വംസനങ്ങളെ നേരിടാനാവുമെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാരക്ഷമമല്ലെന്ന് ഹരജിയില്‍ പറയുന്നു. മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന കേസുകളില്‍ എത്രയും വേഗം നീതി നടപ്പാക്കുകയെന്ന ലക്ഷ്യമാണ് മനുഷ്യാവകാശ കോടതികളുടേത്. ഓരോ ജില്ലയിലും ഓരോ സെഷന്‍സ് കോടതികളെ പ്രത്യേക മനുഷ്യാവകാശ കോടതികളായി ചീഫ് ജസ്റ്റിസ് വിജ്ഞാനപം ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ കോടതികള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും വ്യവ്‌സഥയുണ്ട്. അതേസമയം, ബന്ധപ്പെട്ട നിയമങ്ങളുടേയും നടപടിക്രമങ്ങളുടേയും അഭാവവും ഇത്തരം കോടതികളുടെ പ്രവര്‍ത്തനത്തിന് തടസമാണെന്നും ഹരജിയില്‍ പറയുന്നു.
കസ്റ്റഡി മര്‍ദ്ദനം ; പൊലീസ് സ്റ്റേഷനുകളില്‍ സി.സി ടി.വികളുടെ പ്രവര്‍ത്തനംസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം
