കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി.പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചു മാത്രമേ പരിപാടി നടത്താവൂവെന്നും പരിസ്ഥിതിക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20ന് പമ്പാതീരത്ത് ആഗോള സംഗമം നടത്തുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ സാമ്പത്തിക സുതാര്യത വേണമെന്നും സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അയ്യപ്പ സംഗമത്തിന് പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. തുക കണ്ടെത്തുന്നത് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
സംഗമത്തിനായി പിരിച്ചെടുക്കുന്ന തുക ഓഡിറ്റിംഗിന് വിധേയമായിരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പരിപാടിക്ക് ശേഷം 45 ദിവസത്തിനകം കണക്കുകള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മുഖേന കോടതിയില്‍ സമര്‍പ്പിക്കണം. സ്‌പോണ്‍സര്‍മാര്‍ക്ക് ശബരിമല ദര്‍ശനത്തിനും മറ്റും പ്രിവിലേജ് കാര്‍ഡ് നല്‍കരുതെന്നും എല്ലാ വിശ്വാസികളേയും സമാനമായി കാണണം. മുഖ്യമന്ത്രിമാരടക്കം വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷാ കാര്യങ്ങള്‍ തീര്‍ത്ഥാടനത്തെ ബാധിക്കരുതെന്നുമാണ് മറ്റു നിര്‍ദ്ദേശങ്ങള്‍
ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി
