കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നതടക്കം സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.
ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ ഹൈക്കോടതി റദ്ദാക്കി. 2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ശ്രീകുമാര്‍ നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്.2005 സെപ്തംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു പൊലീസ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ല്‍ വധശിക്ഷ വിധിച്ചു. ഇതില്‍ ശ്രീകുമാര്‍ 2020ല്‍ മരിച്ചു. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ അജിത് കുമാര്‍, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. 3 വര്‍ഷം തടവായിരുന്നു ഇവര്‍ക്ക് ശിക്ഷ. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ്ക മ്മീഷണറും. മൂന്നാം പ്രതി എഎസ്‌ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയില്‍ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി പി മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.ശ്രീകഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇ കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.
