അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

#അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വകാര്യ അന്യായത്തിന്‍മേല്‍ ഇത്തരത്തില്‍ ഉത്തരവുണ്ടായത് സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെയടക്കം ലംഘനമാണെന്നാരോപിച്ചാണ് അജിത്കുമറിന്റെ ഹരജി. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സര്‍ക്കാറിനെയടക്കം വിമര്‍ശിച്ച് പരാതിയിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശരിയായി വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പ്രത്യേക കോടതി നിയമവിരുദ്ധമായി തള്ളിക്കളഞ്ഞതെന്ന് ഹരജിയില്‍ പറയുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രമാണങ്ങള്‍ അടക്കം റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരുന്ന രേഖകള്‍ കോടതി പരിശോധിക്കുക പോലും ചെയ്തിട്ടില്ല. ഒരു എം.എല്‍.എ മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങള്‍ തന്നെയാണ് സ്വകാര്യ അന്യായമായി പരാതിക്കാരന്‍ നല്‍കിയത്. ആരോപണങ്ങള്‍ അടങ്ങിയ ഡി.വി.ഡി മാത്രമാണ് പരാതിക്കൊപ്പം നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ പരാതി കോടതി തള്ളിക്കളയുകയാണ് വേണ്ടിയിരുന്നത.സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലെ ഉന്നതതല സംഘം അന്വേഷണം നടത്തുകയും എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അടിസ്ഥാനരഹിതമാണെന്നും കണ്ടെത്തുകയും ചെയ്തിരുന്നു. എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തൂം രേഖകള്‍ സ്വീകരിച്ചും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് തുടരന്വേഷണം വേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇത് പരിഗണിക്കാതെ ആരോപണത്തിന്റെ മെറിറ്റിനെക്കുറിച്ചും അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംശയകരമായി പരാമര്‍ശിച്ച് തുടര്‍ നടപടികള്‍ക്ക് വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നുവെന്നും അതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആണ് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *