കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയവും സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരമായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വരുന്നത്.ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യകതമാക്കി.
ലൈംഗികാതിക്രമ ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കോളജ് മേധാവിയുടെ ഹരജി തള്ളിയാണ് കോടതി നീരീക്ഷണം.ഐ.സി.സി റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ആരോപണില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.എന്നാല്‍ ഐ.സി.സിയുടെ ‘ക്ലീന്‍ ചിറ്റ്’ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ലൈംഗികപീഡന ആരോപണങ്ങളില്‍ ആരംഭിച്ച പൊലിസ് കേസ് അവസാനിപ്പിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.ഭൂരിഭാഗം ഐ.സി.സി റിപ്പോര്‍ട്ടുകളും ഏകപക്ഷീയവും സ്ഥാപനങ്ങള്‍ക്കും അനുകൂലവുമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇരയാക്കപ്പെട്ട വ്യക്തി നേരിട്ട് പൊലിസില്‍ പരാതി നല്‍കാം.പൊലിസ് അന്വേഷണം നടത്തുകയും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഐ.സി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പൊലിസ് കേസിനെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കോളജ് പ്രിന്‍സിപ്പലിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെയും ചുമതലയുള്ള സമയത്ത് ഒരു വനിതാ പ്രൊഫസറോട് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗിക താല്‍പര്യത്തോടെ സംസാരിക്കുകയും ചെയ്തിനാണ് ഹരജിക്കാരനെതിരെയുള്ള കേസ്.തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354എ (ലൈംഗിക പീഡനം), 354ഡി (പിന്തുടരല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് എടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു .