കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ പ്രസ്ക്ലബ്ബുകളിലൊന്നായ എറണാകുളം പ്രസ്ക്ലബ്ബിൽ പുതിയ ജില്ലാ സമിതി തിരഞ്ഞെടുപ്പിന് ശേഷം നടന്ന അധികാര കൈമാറ്റത്തിനിടയക്ക് അധികാരമൊഴിഞ്ഞ പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അംഗങ്ങൾക്കും നേരേ അഴിമതിക്കുരുക്കും പൊലിസ് കേസും.കൂടാതെ സംഘടനാ നടപടിയുടെ ഭാഗമായി അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് പ്രസ്ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാനുള്ള ജനറൽബോഡി തീരുമാനവും.
നിലവിൽ സ്ഥാനമൊഴിഞ്ഞ എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റും മലയാള മനോരമ കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറുമായ എം.ആർ ഹരികുമാറിനെതിരേയും സെക്രട്ടറിയായിരുന്ന മാധ്യമത്തിലെ സൂഫി മുഹമ്മദിനെതിരേയും ശക്തമായ നടപടികളെടുക്കാൻ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായി ചേർന്ന ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബിന്റെ ഡയറി,കലണ്ടർ തുടങ്ങിയവയിലേക്ക് ലഭിച്ച പരസ്യവരുമാനത്തിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ഹരികുമാർ കമ്മീഷൻ കൈപ്പറ്റിയെന്നായിരുന്നു പൊതുയോഗത്തിൽ ഉയർന്ന ആരോപണം.വിഷയത്തിൽ നേരത്തെ സമാന ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട മുൻപ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയെടുത്ത നടപടികൾ ഹരികുമാറിനും ബാധകമാണെന്നും നടപടിയെടുക്കണമെന്നുമായിരുന്നു പൊതുയോഗത്തിന്റെ തീരുമാനം.തുടർന്ന് പ്രസ് ക്ലബ്ബിൽ നിന്ന് 95,550 രൂപ കമ്മീഷനായി കൈപ്പറ്റിയ തുക തിരികെ നൽകാമെന്ന എം.ആർ ഹരികുമാർ അറിയിച്ചതിനെ തുടർന്ന് പൊതുയോഗം ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.പിന്നീടാണ് മറ്റൊരു ഗുരുതര ആരോപണം പൊതുയോഗത്തിൽ നിന്നും ഉയർന്നത്.കഴിഞ്ഞ പ്രസ്ക്ലബ്ബ് ഇലക്ഷന് തൊട്ട് തലേദിവസം പ്രസ്ക്ലബ്ബ് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്ക് കടത്തികൊണ്ടുപോയി ബുക്കിലെ രേഖകൾ വീഡിയോ ആക്കി പുറത്ത് വിട്ട് എതിരാളികൾക്കെതിരേ കുപ്രചരണം നടത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമായിരുന്നു ആവശ്യം.പൊതുയോഗത്തിൽ നിന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിശേധം ഉയർന്നതോടെ മിനിറ്റ്സ് ബുക്കിന്റെ കസ്റ്റോഡിയനായിരുന്ന സൂഫിമുഹമ്മദിന് ഇക്കാര്യത്തിൽ അറിവില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം കുത്സിത പ്രവർത്തനം നടന്നിരിക്കുന്നതെന്നും പൊതുയോഗത്തിൽ വ്യക്തമാക്കി.തുടർന്ന് ഒരു കമ്മിറ്റി വിശ്വസ്തമായി സൂക്ഷിക്കേണ്ട അംങ്ങളുടെയടക്കം പ്രതികരണങ്ങളടങ്ങിയ മിനിറ്റ്സിൽ അംഗങ്ങൾ പറയാത്ത കാര്യങ്ങൾ പോലും എഴുതി ചേർത്ത് പുറത്ത് വിട്ട ഹീനമായ നടപടിയെ പൊതുയോഗം ശക്തമായി അപലപിക്കുകയും മിനിറ്റ്സ് ബുക്ക് മോഷ്ടിച്ചെടുത്ത് വീഡിയോ പകർത്തിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലിസ് അന്വേഷണ വേണമെന്നും ബുക്ക് കൈവശം വച്ചവർക്കെതിരേ സംഘടനാ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് മിനിറ്റ്സ് ബുക്ക് മോഷണം പോയ സംഭവത്തിൽ പൊലിസിന് പരാതി നൽകാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും സംഘടനാ അച്ചടക്ക നടപടിയുടെ ഭാഗമായി ഭാരവാഹികളായിരുന്ന പ്രസിഡന്റ് എം.ആർ ഹരികുമാർ,സെക്രട്ടറി സൂഫിമുഹമ്മദ്,ട്രഷറർ മനുഷെല്ലി എന്നിവരെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും പൊതുയോഗം തീരുമാനിക്കുകയും സംസ്ഥാന കമ്മിറ്റിക്ക് തീരുമാനം കൈമാറുകയും ചെയ്തു.
അധികാരമൊഴിഞ്ഞ എറണാകുളം പ്രസ്ക്ലബ്ബ് പ്രസിഡന്റിനും അംഗങ്ങൾക്കും നേരേ അഴിമതിക്കുരുക്കും പൊലിസ് കേസും
