കൊച്ചി: വടകര ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ‘കാഫിർ’ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസിൽ മെറ്റ കമ്പനിയെ പൊലിസ് പ്രതി ചേർത്തു.
എന്നാൽ സ്ക്രീൻഷോട്ട് പോസ്റ്റിൻ്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടും ഇവരെ പൊലിസ് പ്രതി ചേർത്തിട്ടില്ല.
ഫേസ്‌ബുക്, വാട്‌സാപ്പ് സന്ദേശങ്ങളുടെ വിവരങ്ങൾ കൈമാറാത്തതിനാണ് മാതൃസ്ഥാപനമായ മെറ്റയെ മൂന്നാം
പ്രതി ചേർത്തത്. കാഫിർ വ്യാജ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളാണെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
വടകര പൊലിസ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് വിവരങ്ങൾ.
അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത നമ്പറുകളാണിത്.
മനീഷാണ് അമ്പലമുക്ക് സഖാക്കൾ
എന്ന പേജിന്റെ അഡ്മിൻ.
ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായും പൊലിസ് അറിയിച്ചു. റെഡ് ബറ്റാലിയൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽനിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.അമൽറാം എന്നയാളാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്.
അമൽ റാമിനെ ചോദ്യം ചെയ്തതിൽ നിന്നും റെഡ് എൻകൗണ്ടർ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് തനിക്ക് വ്യാജ പോസ്റ്റ് ലഭിച്ചതെന്നും റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ 25.04.2024 ന് ഉച്ചക്ക് 2.13 ന് റിബീഷ് രാമകൃഷണൻ എന്നയാളാണ് പ്രസ്തുത പോസ്റ്റ് ഇട്ടതെന്നും അമൽ റാം മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എവിടെ നിന്നാണ് പ്രസ്തുത പോസ്റ്റ് ലഭിച്ചത് എന്നതിനെ പറ്റി പറയാൻ റിബീഷ് തയ്യാറായില്ല എന്നാണു പൊലിസ് റിപ്പോർട്ടിലുള്ളത്. റിബീഷിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ റിബീഷിനെയും ഇത് വരെ കേസിൽ
പ്രതി ചേർത്തിട്ടില്ല.
പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്‌സാപ്പിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.
വിവാദ കാഫിർ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനി വിവരം നൽകണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം നൽകിയ ഹരജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. ഫേസ്ബുക്കിന്റെ നോഡൽ ഓഫിസറായ അശ്വിൻ മധുസൂദനന് സമൻസ് അയച്ച് വിളിച്ചു വരുത്തുന്നതിന് വടകര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്നാൽ വ്യാജ പോസ്റ്റിൻ്റെ ഉറവിടം വ്യക്തമായിട്ടും അവരെ കേസിൽ
പ്രതി ചേർക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ ആക്ഷേപം ബോധിപ്പിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.
‘കാഫിർ’ സ്‌ക്രീൻഷോട്ട്: മെറ്റ കമ്പനി മൂന്നാം പ്രതി: ഉറവിടം കണ്ടെത്തിയിട്ടും പിന്നിലുള്ളവരെ പ്രതി ചേർത്തിട്ടില്ല
