കൊച്ചി:ക്ഷേത്രങ്ങളില്‍ നടന്നുവന്ന കാല്‍കഴുകിച്ചൂട്ട് എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദ ആചാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലെ തുടര്‍വാദങ്ങള്‍ മാര്‍ച്ച് നാലിന് വീണ്ടും പരിഗണിക്കും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃപ്പൂണിത്തുറ
ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടല്‍ വഴിപാടു നടക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ഇതിലിടപെട്ടത്.
പാപ പരിഹാരത്തിനായി ജ്യോത്സ്യന്മാരാണ് ഈ കുപ്രസിദ്ധ വഴിപാട് നിര്‍ദേശിച്ചിരുന്നത്.ബ്രാഹ്മണരെ ഭഗവാന്റെ പ്രതിരൂപമായി കണ്ട് പാപ പരിഹാരത്തിനായി കാല്‍കഴുകുന്ന ചടങ്ങാണിത്.ബ്രാഹ്മണ പൂജാരിമാരെ നിരത്തിയിരുത്തി പുറ്റുമണ്ണ് കാലില്‍ തേച്ചുപിടിപ്പിച്ച് തീര്‍ഥം ഉപയോഗിച്ച് കഴുകിക്കളയുന്നതാണ് ചടങ്ങ്.ഇതിനിടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് നമസ്‌കാരം, കാല്‍കഴുകിച്ചൂട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വഴിപാടിന്റെ പേര് സമാരാധന എന്നാക്കാന്‍ തീരുമാനിച്ചെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.ഇതു സംബന്ധിച്ച് ദേവസ്വം കമ്മിഷണര്‍ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തും ഹൈക്കോടതിയില്‍ ഹാജരാക്കി.
അതേസമയം തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ കാല്‍ക്കഴുകിച്ചൂട്ട് ഹൈക്കോടതിയില്‍ നിയമനടപടി നേരിടുന്ന സാഹചര്യത്തിലും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ആചാരമായതിനാലും ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളില്‍ ഈ ചടങ്ങ് ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.രണ്ടാഴ്ച മുന്‍പ് കൊടുങ്ങല്ലൂര്‍ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാല്‍കഴുകിച്ചൂട്ട് നടത്താന്‍ ശ്രമിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ചടങ്ങ് നിര്‍ത്തിവയ്പ്പിച്ചു.
ക്ഷേത്രങ്ങളിലെ ‘കാല്‍കഴുകിച്ചൂട്ട് ‘ആചാരം; ഹരജി മാര്‍ച്ച് നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
