സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ; മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത: പൊലീസ്

കൊച്ചി∙ കളമശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിർണായക തെളിവുകൾ ഇയാളുടെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്.

സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്സ്ബുക് ലൈവിൽ എത്തിയിരുന്നു. ഇയാളുടെ ഫോണിൽനിന്ന്  സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചു. കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. വൈകാതെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും.

അതേസമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. 

രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ സ്ഫോടനം നടത്താൻ പഠിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്നു സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്നു പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. 

സ്ഫോടനം നടത്തിയത് യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവയുടെ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണു വിവരം. ഇയാള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *