കളമശേരിയിൽ കൺവൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു

കൊച്ചി∙ കളമശേരിയിൽ കൺവൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ സ്ഥലം, പ്രായം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഒരു കുട്ടി ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർക്ക് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.  പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കും ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി അടക്കമുള്ള ആശുപത്രികളിലേക്കും മാറ്റി.

പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. 

യഹോവ സാക്ഷികളുടെ മേഖല കൺവൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാൽ പല സ്ഥലത്തുനിന്നും ആളുകൾ പ്രാർഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാർഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *