കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ നടൻ വിനായകൻ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് 7.15നാണ് സംഭവം. വിനായകനും ഭാര്യയും തമ്മിൽ ഫ്‌ളാറ്റിൽ വെച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോർത്ത് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും പിന്നാലെ അറസ്റ്റിലാവുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ വൈകിട്ട് 4.30ഓടെ കലൂർ കത്രിക്കടവിലുള്ള തന്റെ ഫ്‌ളാറ്റിൽ നിന്നും വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഭാര്യയുമായുള്ള വഴക്കിനേക്കുറിച്ച് പരാതിപ്പെടുകയും പൊലീസ് സഹായം തേടുകയും ചെയ്തു.
ഇതേത്തുടർന്ന് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തി വിവരങ്ങൾ തേടി. ഫ്‌ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട്് വിനായകനും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തർക്കത്തിലേക്കെത്തിച്ചെതെന്ന് മനസിലാക്കിയ പൊലീസ് പ്രശ്‌നം പറഞ്ഞ് പരിഹരിച്ച് മടങ്ങി. എന്നാൽ, വൈകിട്ട് 7.30ഓടെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ സ്ത്രീകളുടെ പരാതി മാത്രേേമ പൊലീസ് കേൾക്കുകയുള്ളോ എന്ന് ചോദിച്ച് ബഹളം വയ്ക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
വിനായകനെ ശാന്തനാക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും ഇയാൾ വലിയതോതിൽ ബഹളം വെച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. ആളുകൾ കൂടിയതതോടെ ഇവിടെയും ഇയാൾ ബഹളം വെച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തുടർച്ചയായി ആക്രോശിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് രോഗികളെയും ഒപ്പമെത്തിയവരെയും ഇവിടെ നിന്ന് മാറ്റി. ആളുകൾ സമീപത്തു നിന്ന് മാറിയതോടെ ഇയാൾ പതിയെ ശാന്തനാവുകയും പരിശോധനയോട് സഹകരിക്കുകയും ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.