കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ ഐ.ജി ഗോഗുലത്ത് ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി.ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ ലക്ഷ്മണിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം ബുധനാഴ്ച ലക്ഷ്മണ്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന.
വ്യാജ പുരാവസ്തുക്കളുടെ പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ കോഴിക്കോട് സ്വദേശി എം.ടി ഷമീര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പക്കല്‍ നിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐ.ജി ലക്ഷ്മണ്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയത്.നേരത്തെ ഹരജിയില്‍ ഹൈക്കോടതി ഐ.ജി ലക്ഷ്മണിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെന്നും ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇടക്കാല ഉത്തരവിന്റെ കാലാവധി ഈ മാസം 24 വരെ നീട്ടി.23ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഐ.ജി ലക്ഷ്മണിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ ഉത്തരവ്.
അതേ സമയം ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇതേ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.ചോദ്യം ചെയ്യലിന് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ലെന്നും ആയുര്‍വേദ ചികിത്സയിലാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു.ആദ്യത്തെ നോാട്ടീസിന് മാറാനല്ലൂരിലെ ഒരു ആയുര്‍വേദ ഡിസ്പന്‍സറിയിലെ ഡോക്ടറുടെയും രണ്ടാമത്തെ നോട്ടീസില്‍ തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന പദവി ഉപയോഗിച്ചു സംഘടിപ്പിച്ചതാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളെന്ന് സംശയമുണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ഹരജിയിലെ ആവശ്യം.
സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ നാലാം പ്രതിയായ
ഐ.ജി ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി
