കിഴക്കമ്പലം വിലങ്ങ് സ്‌കൂളില്‍ നരകിച്ച് പഠനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

vilanguschool

കൊച്ചി: കിഴക്കമ്പലം വിലങ്ങ് സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ നരകിച്ച് പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് .
സംഭവത്തില്‍ കേസെടുത്ത കമ്മിഷന്‍ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ 15ന് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഇവിടെ പല ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത് ഒരേ മുറിയിലിരുന്നാണ്. 107 വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ളത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. ഫിറ്റ്‌നസ് നല്‍കാത്തത് കാരണമാണ് പുതിയ കെട്ടിടം തുറക്കാന്‍ കഴിയാത്തതെന്ന് മനസിലാക്കുന്നു.ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ ചെറിയ മൂന്ന് മുറികളില്‍ തിക്കി തിരക്കിയാണ് ഇരിക്കുന്നത്. പുസ്തകമോ ബാഗോ വയ്ക്കാനിടമില്ല. മുറികളോട് ചേര്‍ന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികള്‍.
കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ട് ആറ് മാസം കഴിഞ്ഞു.പഴയ സ്‌കൂള്‍ കെട്ടിടം പൊളി ച്ചാണ് പുതിയത് നിര്‍മ്മിച്ചത്. എം എല്‍ എ ഫണ്ടില്‍ നിന്ന് ആദ്യം അമ്പത് ലക്ഷം രൂപ അനുവദിച്ചു. പണി തുടങ്ങി ആദ്യ നില പൂര്‍ത്തിയായി. പിന്നീട് കിഴക്കമ്പലം പഞ്ചായത്ത് സ്‌കൂളിനായി ഒരു കോടി രൂപ അനുവദിച്ചു. എന്നാല്‍ ടെന്‍ഡര്‍ വിളിക്കുന്നതിന് മുമ്പേ പണി തുടങ്ങി.
ടെണ്ടറില്ലാതെ കരാറുകാരനെ തീരുമാനിച്ച് പണി തുടരുന്നത് ഉദ്യോഗസ്ഥ മേല്‍നോട്ടത്തില്‍ അല്ലാത്തതിനാല്‍ എഞ്ചിനീയറിംഗ് വിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കി. ഇത് മറികടന്നും പണി തുടര്‍ന്നു.കിഴക്കമ്പലം പഞ്ചായത്ത് നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ഫിറ്റ്‌നസ് നല്‍കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സ്‌കൂളിലെ കഞ്ഞിപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉള്ളതിനാലാണ് സ്‌കൂള്‍ തുറക്കാത്തതെന്നാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *