ബിന്‍സിയ
കൊച്ചി: സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ വിചാരണകോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ദുബായില്‍ നിന്ന് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയതിന്റെ മുഖ്യസൂത്രധാരന്‍ സിറാജുദ്ദിനാണെന്നും നേരത്തെയും ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു.സിറാജുദ്ദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് കെ.പി. സിറാജുദ്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇറച്ചിവെട്ട് യന്ത്രത്തില്‍ മാത്രമല്ല മുന്‍പും കാര്‍ഗോ വഴി ദുബായില്‍ നിന്ന് നാട്ടിലെത്തിച്ച പല ഉപകരണങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ച് വിടുന്നത് സിറാജുദ്ദിന്‍ പതിവാക്കിയിരുന്നതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. വിവിധ വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും സിറാജുദ്ദിന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്.അവസാനം തൃക്കാക്കര നഗരസഭാ ചെയര്‍മാന്റെ മകന്‍ ഷാബിനും സംഘവുമായി ചേര്‍ന്ന് സ്വര്‍ണം കടത്താന്‍ സിറാജുദ്ദിന്‍ തീരുമാനിച്ചു.ഷാബിന്‍ 65 ലക്ഷം രൂപയും ഷാബിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 35 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ സിറാജുദ്ദിന് കൈമാറി.ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചത്.പിന്നാലെ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ടേകാല്‍ കിലോയിലേറെ സ്വര്‍ണം സിറാജുദ്ദിന്‍ നാട്ടിലേക്ക് അയച്ചു.കേസില്‍ ഷാബിന്‍ നേരത്തെ അറസ്റ്റിലായിരുന്നു.വിമാനത്താവളത്തില്‍ പാര്‍സല്‍ ഏറ്റെടുക്കാനെത്തിയ നകുലിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവരും നേരത്തെ ജാമ്യത്തില്‍ പുറത്തിങ്ങി.
