സാബു ജേക്കബിനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: തൊഴിലാളിയുടെ അപകട മരണത്തെ തുടർന്ന് കിറ്റ്ക്സ് ഗാർമെൻ്റ്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്ന സാബുവിൻ്റെ ആവശ്യം  ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തള്ളി

ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പി.ജെ.അജിഷ് അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് സാബുവിനെ പ്രതിചേർത്ത് കേസെടുത്തിരുന്നു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

2014 മെയ് 24ന് ഉണ്ടായ അപകടത്തിലാണ് തൊഴിലാളി മരിച്ചത്. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് പെരുമ്പാവൂർ ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് മജിസ്ട്രേറ്റ് കേസെടുത്തത്.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ തനിക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലന്നുമായിരുന്നു സാബുവിൻ്റെ വാദം.എന്നാൽ ഉടമക്കെതിരെ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിഴ്ച വരുത്തിയതിനാലാണ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസെടുത്തതെന്നും പ്രോസിക്യൂട്ടർ സുധീർ ഗോപാല കൃഷ്ണൻ കോടതിയെ അറിയിച്ചു. തൊഴിലുടമ എന്ന നിലയിൽ വിചാരണ നേരിടണമെന്നും ഫാക്ടറി നടത്തിപ്പിൻ്റെ ചുമതല സംബന്ധിച്ച കാര്യങ്ങൾ വിചാരണയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

One thought on “സാബു ജേക്കബിനെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലന്ന് ഹൈക്കോടതി

  1. കിഴക്കമ്പലത്ത് പൊലിസ് ജീപ്പ് കത്തിച്ച ഇതര സംസ്ഥാന തൊഴിലാളികളെ അവസാനം കിറ്റക്‌സ് മുതലാളി കൈവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *