(തെളിവുകളുടെ അഭാവത്തില്‍ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി)
കൊച്ചി: അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഏകമകനായ ഒന്‍പത് വയസുകാരന്‍ അവിചാരിതമായി കൊല്ലപ്പെട്ട കേസില്‍ അമ്മയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ആത്മഹത്യക്ക് ശ്രമിച്ച അമ്മ കുട്ടിക്ക് ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തമാണ് ഹൈക്കോടതി റദ്ദാക്കിയത്.
‘ദൈവത്തിന് എല്ലായിടത്തും എത്താനാവില്ല; അതിനാല്‍ ദൈവം മാതാവിനെ സ്യഷ്ടിച്ചു’ എന്ന റുഡ്യാഡ് കിപ്ലിംങിന്റെ പ്രശസ്ത വാചകം ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്‍,ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവം ആരംഭിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഒരമ്മ തന്റെ മകനെ കൊലപ്പെടുത്തിയ കേസാണ് കോടതിക്ക് മുന്‍പാകെ എത്തിയത്. തീര്‍ച്ചയായും ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുകയെന്നത് കണ്ണുകൊണ്ട് കാണുന്നതിനും അപ്പുറമാണെന്നും കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്.
2016 ല്‍ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് അങ്കമാലി സ്വദേശിയായ 37കാരി യുവതി രാത്രി 10 മണിയോടെ മകനെ ഉറക്കി കിടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.മകന്‍ എഴുന്നേല്‍ക്കാതിരിക്കാന്‍ ഉറക്ക ഗുളിക നല്‍കിയ ശേഷം ഇടത് കൈഞരമ്പ് മുറിച്ചുകൊണ്ടാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.എന്നാല്‍ ഇതിനിടയില്‍ ഉറക്കില്‍ നിന്നെഴുന്നേറ്റ മകനെ പുതപ്പുകൊണ്ട് മുഖം അമര്‍ത്തിപ്പിടിച്ചതിനിടയിലാണ് കുട്ടി ശ്വാസംമുട്ടി മരിച്ചത്.ഇത് ശ്രദ്ധിക്കാതെ ആത്മഹത്യശ്രമം തുടര്‍ന്ന യുവതി പിന്നീട് വലം കൈയ്യിലെ ഞരമ്പ് മുറിക്കുകയും കീടനാശിനി കഴിക്കുകയും ചെയ്‌തെങ്കിലും ഭര്‍ത്താവും അയല്‍ക്കാരും എത്തിയതിനാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.പിന്നീടാണ് മകന്‍ മരണപ്പെട്ടതായും ഉറക്കഗുളിക നല്‍കിയതിനാലാണ് മരിച്ചതെന്നും പൊലിസ് കണ്ടെത്തിയത്.കുട്ടിയുടെ മരണ കാരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നെങ്കിലും മാതാവിന്റെ കുറ്റസമ്മത മൊഴി കണക്കിലെടുത്താണ് ഉറക്കഗുളികയാണ് മരണകാരണമെന്ന് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചത്.എന്നാല്‍ യഥാര്‍ത്ഥ മരണകാരണമെന്താണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന പ്രതിഭാഗം വാദം ശരിവെച്ചു തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
