തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് രൂപരേഖയായി. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് കോൺഗ്രസ് ഏറ്റെടുക്കുക. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനും ധാരണയായിട്ടുണ്ട്.
മന്ത്രിസഭയിലേക്കില്ലെന്ന മുൻ നിലപാടിൽ രമേശ് ചെന്നിത്തല അയവ് വരുത്തിയതായാണ് സൂചന. വി.ഡി. സതീശൻ നേരിട്ട് ക്ഷണിക്കുന്നതോടെ അദ്ദേഹം ക്യാബിനറ്റിലെത്തിയേക്കും. കെ.സി. വേണുഗോപാൽ പക്ഷവും മന്ത്രിസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. വി.ടി. ബൽറാം, ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന ഉറപ്പിൽ ലീഗ് നേതൃത്വം സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കി വരുന്നു. പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്ക് പുറമെ യുവമുഖമെന്ന നിലയിൽ എൻ. ഷംസുദ്ദീനും പട്ടികയിലുണ്ട്. പാലക്കാട്, കാസർകോട് ജില്ലകൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി എ.കെ.എം. അഷ്റഫിനെയും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുള്ള, നജീബ് കാന്തപുരം എന്നിവരിൽ ഒരാൾക്കും സാധ്യതയുണ്ട്.
രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി കേരള കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഏക അംഗങ്ങളുള്ള കക്ഷികൾക്ക് ഫുൾ ടേം മന്ത്രിസ്ഥാനം നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ. വരും മണിക്കൂറുകളിൽ ഔദ്യോഗിക പട്ടിക പുറത്തു വരുന്നതോടെ സതീശൻ മന്ത്രിസഭയുടെ പൂർണ്ണരൂപം വ്യക്തമാകും.