ന്യൂഡൽഹി: ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനയെത്തുടർന്ന് രാജ്യത്ത് ഇന്ധനവില കൂട്ടി പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന. ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. പുതുക്കിയ വില മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു.ഇന്ധനവില ലിറ്ററിന് അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആവശ്യം.
എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇന്ധനവിലയ്ക്ക് പിന്നാലെ സിഎൻജി വിലയിലും കിലോയ്ക്ക് രണ്ട് രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.2022 മുതൽ മരവിപ്പിച്ചിരുന്ന ചില്ലറ വിൽപ്പന നിരക്കുകൾ നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ വർധിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്ക് ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇന്ധനവില മരവിപ്പിച്ചത് വഴി രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം 30,000 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇന്ധനവില വർധിച്ചതോടെ രാജ്യത്ത് ചരക്കുകൂലിയും അവശ്യവസ്തുക്കളുടെ വിലയും വർധിക്കാനുള്ള സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും മാറ്റമുണ്ടായേക്കാമെന്നാണ് സൂചന.