‘ഭരണപരാജയം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു’; മോദിയുടെ നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥന ഭരണകൂടത്തിന്റെ പരാജയത്തിന് തെളിവാണെന്നും ഭരണപരാജയം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ ജനങ്ങളെ ഉപദേശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ പറഞ്ഞു. എന്ത് വാങ്ങണം, എവിടെ പോകണം എന്നൊക്കെ ജനങ്ങളെ ഉപദേശിക്കുന്നത് ഭരണപരമായ കഴിവുകേടാണ്. പരാജയങ്ങളുടെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവെച്ച് സർക്കാർ കൈകഴുകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണമെന്നും കൊവിഡ് കാലത്തെപ്പോലെ സ്വയം നിയന്ത്രണം പാലിക്കണമെന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

ഇന്ധന ലാഭം: മെട്രോ ട്രെയിനുകളും കാർപൂളിംഗും പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ധന ഇറക്കുമതി കുറയ്ക്കാൻ സ്വയം സന്നദ്ധരാവുക.

തൊഴിൽ രീതി: സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണം.

വിദേശനാണ്യം: വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി അനാവശ്യ വിദേശയാത്രകൾ മാറ്റിവെക്കണം.

ഉപഭോഗം: ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ 10 ശതമാനം കുറവ് വരുത്തണം.

ലോക്ക്ഡൗൺ പോലുള്ള കടുത്ത നടപടികൾ ഇപ്പോൾ പരിഗണനയിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ ഉടൻ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *