തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലും സിപിഐഎം സംസ്ഥാന ഘടകം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഭരണപരമായ വീഴ്ചകളെക്കുറിച്ച് പരാമർശമില്ലാത്തത് വിവാദമാകുന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ട തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണവും വിമതരുടെ വഞ്ചനയുമാണെന്നാണ് പാർട്ടിയുടെ വിചിത്രമായ കണ്ടെത്തൽ.
തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വിമതർ ആസൂത്രിതമായ നീക്കം നടത്തിയതാണ് പരാജയത്തിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പലയിടങ്ങളിലും വിമതരുടെ വിജയം പാർട്ടിയെ ഞെട്ടിച്ചതായും ഇത് വഞ്ചനയാണെന്നും റിപ്പോർട്ടിലുണ്ട്.
പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. വോട്ടുകൾ യുഡിഎഫിലേക്കാണ് പോയതെന്നും ന്യൂനപക്ഷങ്ങൾ ഭരണത്തുടർച്ച ആഗ്രഹിച്ചില്ലെന്നും പാർട്ടി വിലയിരുത്തുന്നു. പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു പിണറായി വിജയന്റെ മറുപടി. ഡൽഹിയിൽ നിർണ്ണായകമായ പോളിറ്റ് ബ്യൂറോ (പിബി) യോഗം തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
കേരളത്തിന് വിരുദ്ധമായ വിലയിരുത്തലാണ് ബംഗാൾ ഘടകം നടത്തിയത്. ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും അതാണ് തൃണമൂലിന്റെ തകർച്ചയ്ക്കും ബിജെപിയുടെ വൻ വിജയത്തിനും കാരണമായതെന്നും ബംഗാൾ ഘടകം സമ്മതിക്കുന്നു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവർ.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഭരണനേതൃത്വത്തിനല്ല എന്ന നിലപാടിൽ കേരള ഘടകം ഉറച്ചുനിൽക്കുന്നത് വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും വലിയ തർക്കങ്ങൾക്ക് വഴിവെച്ചേക്കാം.