ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയ തമിഴക വെട്രി കഴകം (ടിവികെ) അണ്ണാ ഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നു. ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ ഒറ്റയ്ക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് എത്താൻ സാധിച്ചില്ലെങ്കിലും കോൺഗ്രസിന്റെയും എഐഎഡിഎംകെയുടെയും പിന്തുണ വിജയിക്ക് കരുത്തായി. ഡിഎംകെ ബന്ധം ഉപേക്ഷിച്ചെത്തിയ കോൺഗ്രസും (5 സീറ്റ്), എൻഡിഎ സഖ്യം വിട്ട എഐഎഡിഎംകെയും (47 സീറ്റ്) വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ സുസ്ഥിരമായ ഒരു സഖ്യസർക്കാരിന് വഴിയൊരുങ്ങി.
തമിഴ്നാടിന്റെ 18-ാമത് മുഖ്യമന്ത്രിയായി വിജയ് നാളെ രാവിലെ 11:30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് വിവരം.നേരത്തെ തിരഞ്ഞെടുപ്പിന് മുൻപ് എഐഎഡിഎംകെ സഖ്യത്തിലേക്ക് വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പദവും കൂടുതൽ സീറ്റുകളും വേണമെന്ന നിലപാടിൽ വിജയ് ഉറച്ചുനിൽക്കുകയായിരുന്നു. അന്ന് വഴങ്ങാതെ ഒറ്റയ്ക്ക് മത്സരിച്ച വിജയ്, ഇപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. ടിവികെ ആസ്ഥാനത്തെത്തിയ പുതിയ സഖ്യകക്ഷി നേതാക്കളെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
സ്റ്റാലിൻ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഈ പുതിയ സഖ്യം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.